ഇന്ത്യയുടെ നയാഗ്ര, അങ്ങനെ ഒരു ഇരട്ടപ്പേരുണ്ട് കാവേരി നദിയിലെ ഈ മനോഹരമായ വെള്ളച്ചാട്ടത്തിന്. കുടകിലെ ബ്രഹ്മഗിരി മലയിലുള്ള തലക്കാവേരി എന്ന പ്രദേശത്തു നിന്നും ഉത്ഭവിക്കുന്ന കാവേരി നദി കര്‍ണാടകയുടെ ദക്ഷിണ ജില്ലകളിലൂടെ ഒഴുകി തമിഴ് നാട്ടിലേക്ക് പ്രവേശിക്കുന്നതിനു സമീപമായാണ് ഉത്തര തമിഴ് നാടിന്റെ പ്രധാന ടൂറിസം ആകര്‍ഷണമായ ഹൊഗെനക്കല്‍ വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്നത് . ബംഗ്ളുരു നഗരത്തില്‍ നിന്നും ഉദ്ദേശം 180 KM തെക്കുമാറി തമിഴ് നാട്ടിലെ ധര്‍മ്മപുരി ജില്ലയിലുള്ള ഈ പ്രദേശം ദക്ഷിണേഷ്യയിലെ തന്നെ ഏറ്റവും പുരാതനമായ കാര്‍ബോണടൈറ്റ് ശിലകളാല്‍ സമ്പന്നമാണ്.
ഹൊഗെനക്കലെ മറ്റൊരു ആകര്‍ഷണീയത തമിഴന്മാര്‍ പരിശല്‍ എന്നു വിളിക്കുന്ന മുള കൊണ്ടുണ്ടാക്കുന്ന പരന്ന കുട്ടയുടെ ആകൃതിയിലുള്ള വള്ളങ്ങളാണ്. ആ കുട്ടവള്ളത്തില്‍ വെള്ളച്ചാട്ടത്തിനു താഴെ നദിയുടെ കുത്തൊഴുക്കിലൂടെയുള്ള യാത്ര വേറിട്ടോരനുഭാവമാണ്. ഹൊഗെനക്കല്‍ എത്തുന്ന വിനോദയാത്രികരെയും കൊണ്ട് നദിയിലൂടെ ഒരു യാത്ര ഉപജീവന മാര്‍ഗമാക്കിയ ഒരുപാട് ആള്‍ക്കാര്‍ അവിടെയുണ്ട്. മീന്‍പിടിത്തമാണ് ഇവിടത്തുകാരുടെ പ്രധാന വരുമാന മാര്‍ഗം. മുളകു തേച്ചു വറുത്തെടുത്ത പുഴമീന്‍ വഴിനീളെ വില്‍പ്പനയ്ക്ക് വെച്ചിരിക്കുന്നതു കാണാം.
ഹൊഗെനക്കല്‍ എന്ന പേരിന്‍റെ ഉത്ഭവം രണ്ട് കന്നട വാക്കുകളില്‍ നിന്നാണ്. മൂടല്‍മഞ്ഞ് എന്നര്‍ത്ഥമുള്ള "ഹൊഗ്", കല്ല് എന്നര്‍ത്ഥമുള്ള "കല്‍ ". വെള്ളച്ചാട്ടം പാറമേല്‍ പതിക്കുമ്പോള്‍ അന്തരീക്ഷതിലെക്കുയരുന്ന ഈര്‍പ്പം മൂടല്‍മഞ്ഞുപോലെ തോന്നിക്കുന്നതിനാലാവാം ആ പേരു വന്നത്.
ഏകദേശം 66 അടിയാണ് ഹൊഗെനക്കല്‍ പ്രധാന വെള്ളച്ചാട്ടത്തിന്‍റെ ഉയരം. ഉയരത്തിന്‍റെ കാര്യത്തില്‍ പിന്നിലാണെങ്കിലും വെള്ളച്ചാട്ടത്തിലൂടെ താഴേക്കു പതിക്കുന്ന ജലസമ്പത്തിന്‍റെ കാര്യത്തില്‍ ഹൊഗെനക്കല്‍ മുന്നിലാണ്. കാവേരി നദി ഒഴുക്കിക്കൊണ്ടുവരുന്ന എക്കല്‍ നദി തുടര്‍ന്നൊഴുകുന്ന പ്രദേശങ്ങളെ ഫലഭുവിഷ്ടമാക്കുന്നു.




