മഴ തോര്‍ന്നിരുന്നു, പീടിക വരാന്തയില്‍ നിന്നും ഉണ്ണി ഇറങ്ങി നടന്നു. തന്‍റെ ഗ്രാമമാകെ മാറിയിരിക്കുന്നു, ആദ്യവിദ്യാലയത്തിന്‍റെ മുന്നിലൂടെയുള്ള ടാറിട്ട റോഡിലൂടെ നടക്കുമ്പോള്‍ , പണ്ട് താന്‍ തന്‍റെ പഴഞ്ചന്‍ ഹീറോ സൈക്കിളുമായി കറങ്ങി നടന്നിരുന്ന ആ പഴയ പൂഴി റോഡ് അയാളുടെ മനസ്സിലേക്ക് കടന്നു വന്നു. അന്നുണ്ടായിരുന്ന ഓടിട്ട, മഴക്കാലത്തു ചോര്‍ന്നൊലിച്ചിരുന്ന പഴയ ക്ളാസ്സ് മുറികളുടെ സ്ഥാനത്ത് ഇന്ന് പുത്തന്‍ കോണ്‍ക്രീറ്റ് കെട്ടിടമാണ്. കവലയിലും പള്ളിക്കൂടത്തിനു മുന്നിലും ഉണ്ടായിരുന്ന ഓലമേഞ്ഞ ചെറിയ പെട്ടിക്കടകള്‍ പലതും ഓടിട്ട കെട്ടിടങ്ങളായി മാറിയിരിക്കുന്നു. തന്‍റെ ഗ്രാമത്തിനു വന്ന മാറ്റങ്ങള്‍ കണ്ട് അയാളുടെ മനസ്സ് ആകെ അസ്വസ്ഥമായി. എന്നാല്‍ അയാളുടെ ജീവിതത്തിലെ കഴിഞ്ഞ ഇരുപതു വര്‍ഷങ്ങള്‍ നീണ്ട നഗര ജീവിതം അയാള്‍ക്കു സമ്മാനിച്ച ദുരിതങ്ങള്‍ക്കു മുന്നില്‍ ആ അസ്വസ്ഥത ഒന്നുമായിരുന്നില്ല.
ആറ്റിറമ്പിലെ ചിരപുരാതനമായ അമ്മന്‍ കോവിലിനു മുന്നിലെത്തിയപ്പോള്‍ അയാള്‍ ഒന്നു നിന്നു. പണ്ട് കോവിലിലെ തൈപ്പൂയത്തിനും കാവടിയാട്ടത്തിനുമൊക്കെ വരുമ്പോളും, ടൌണില് സിനിമ കാണാന്‍ പോകുമ്പോഴുമെല്ലാം അച്ഛന്‍ തനിക്ക് ചായയും പരിപ്പുവടയും വാങ്ങിത്തന്നിരുന്ന രാമുണ്ണിയേട്ടന്‍റെ ഓടുമേഞ്ഞ ചായക്കട അവിടെയായിരുന്നു. അക്കാലത്ത് ഗ്രാമത്തിലെ തന്നെ ഓടിട്ട ഏക ചായക്കടയും അതായിരുന്നു. രാമുണ്ണിയേട്ടന്‍റെ ചായക്കടയും, കടവിലെ വള്ളങ്ങളും മാറ്റങ്ങള്‍ ഒന്നുമില്ലാതെയിരിക്കുന്നതു കണ്ട് അയാളുടെ മനസ്സ് തെല്ലൊന്നു സന്തോഷിച്ചു.അയാള്‍ കടയ്ക്ക് ള്ളിലേക്കു കയറി. അവിടെയുണ്ടായിരുന്നവര്‍ ഒരപരിചിതനെ കണ്ട ഭാവത്തോടെ അയാളെ നോക്കിയത് ശ്രദ്ധിക്കാതെ അയാള്‍ അവിടെ ഇട്ടിരുന്ന തടി ബഞ്ചില്‍ ഇരുന്നു.
"കഴിക്കാന്‍ എന്താ വേണ്ടത്, പുട്ട് , ഇഡലി, ദോശ.."
രാമുണ്ണിയേട്ടന്‍റെ മകനാണ്, രാമുണ്ണിയേട്ടന്‍റെ മരണശേഷം ചായക്കട നോക്കിനടത്തുകയാണ് അയാള്‍ .
"ഒരു ചായ മാത്രം മതി, പഞ്ചസാര ഇടണ്ടാട്ടോ.."
മടിയിലിരുന്ന ബാഗ് ബെഞ്ചില്‍ വെച്ചുകൊണ്ട് അയാള്‍ പറഞ്ഞു.
"ആരാ, ഇതിനു മുന്‍പ് ഇവിടെയെങ്ങും കണ്ടിട്ടില്ലാലോ.."
എതിര്‍വശത്ത് ഭിത്തിയില്‍ ചാരിയിട്ടിരുന്ന ബെഞ്ചില്‍ ഇരുന്ന കിഴവന്‍ ഉണ്ണിയോട് ചോദിച്ചു.
"കൊറച്ച് വടക്കുന്നാ..ഇവിടെ ഒരാവശ്യത്തിനു വന്നതാ."
ചൂടു ചായ ഊതിക്കുടിക്കുന്നതിനിടയില്‍ കിഴവന്‍റെ മുഖത്തു നോക്കാതെ തന്നെ അയാള്‍ ഉത്തരം പറഞ്ഞു.
"അയ്യോ, ഇതിനു മുന്‍പ് ഇവിടെങ്ങും കാണ്ടിട്ടില്ലാത്തതു കൊണ്ട് വെറുതെ ചോദിച്ചെന്നെ ഉള്ളു."
ഉണ്ണി ഗൌരവത്തിലായതിനാലാവണം കിഴവന്‍ പിന്നീട് ഒന്നും ചോദിച്ചില്ല. പണ്ടുകാലം മുതല്‍ക്കേ വാര്‍ത്തകള്‍ പ്രചരിക്കുന്നതില്‍ നാട്ടിന്‍പുറങ്ങളിലെ ചായക്കടകള്‍ക്കുണ്ടായിരുന്ന പങ്ക് വളരെ വലുതായിരുന്നു. തന്‍റെ തിരിച്ചുവരവ് ഒരു വാര്‍ത്തയാവാതിരിക്കാനായിരിക്കണം താനാരാണെന്നുള്ള സത്യം ഉണ്ണി കിഴവനില്‍ നിന്നും മറച്ചു വെച്ചത്.
ചായയുടെ പണം കൊടുത്ത് അയാള്‍ ഇറങ്ങി നടന്നു. തന്‍റെ വീടിനെക്കുറിച്ചായിരുന്നു പിന്നീട് അയാളുടെ ചിന്തകള്‍ മുഴുവന്‍ . കാടുപിടിച്ചു ഇടിഞ്ഞു പൊളിഞ്ഞിട്ടുണ്ടാകുമോ തന്‍റെ വീട്? വീടിന്‍റെ ഒരേകദേശ ചിത്രം അയാളുടെ മനസ്സിലേക്ക് കടന്നുവന്നു. മരണം വരെ തന്‍റെ അമ്മ എങ്ങനെയാണു ആ വീട്ടില്‍ ഒറ്റയ്ക്ക് താമസിച്ചിട്ടുണ്ടാകുക എന്നതിനെപ്പറ്റി അങ്ങനെ അയാള്‍ ആദ്യമായി ചിന്തിച്ചു. ആറിന്‍റെ കടവില്‍ നിന്ന് കൊവിലിന്‍റെ വടക്കുഭാഗത്തുകൂടിയുള്ള ഊടുവഴിയിലൂടെ തന്‍റെ വീടിനെ ലക്ഷ്യമാക്കി അയാള്‍ നടന്നു. വഴിയിലെ പൊട്ടക്കിണറിനടുത്തുള്ള മൂവാണ്ടന്‍ മാവിന്‍റെ ചുവട്ടിലെത്തിയപ്പോള്‍ ഒരു വലിയ കാറ്റുവീശി. മരച്ചില്ലകള്‍ ആടിയുലഞ്ഞ് മഴത്തുള്ളികള്‍ ദേഹത്തു വീണപ്പോള്‍ വല്ലാത്തൊരു കുളിര് അയാള്‍ക്കനുഭവപ്പെട്ടു. അയാള്‍ മുകളിലേക്കു നോക്കി, പടര്‍ന്നു പന്തലിച്ചു നില്‍ക്കുകയാണു മാവ്. കുട്ടിക്കാലത്ത് കൂട്ടുകാരുമൊത്ത് ആ മൂവാണ്ടന്‍ മാവിന്‍റെ ചുവട്ടില്‍ കള്ളനും പോലീസും കളിച്ചത് അയാള്‍ ഓര്‍ത്തു. എന്ത് രസമായിരുന്നു തന്‍റെ കുട്ടിക്കാലം.., അയാള്‍ അറിയാതെ തന്നെ അയാളുടെ മുഖത്ത് ഒരു പുഞ്ചിരി പ്രത്യക്ഷപ്പെട്ടു. അടുത്ത മഴക്കുള്ള കാറ് മാനത്ത് ഇരുണ്ടു കൂടിയിരിക്കുന്നു. അയാള്‍ നടത്തത്തിനു വേഗം കൂട്ടി. പാടവരമ്പത്ത് മുട്ടോളം വെള്ളമുണ്ട്. വരമ്പിന്‍റെ ഓരത്തെ വെള്ളം ഒഴുക്കിക്കളഞ്ഞിരുന്ന ചെറിയ തോട് മണ്ണിട്ടുനികത്തി പുതിയ റോഡു പണിതിരിക്കുന്നു. മുണ്ട് മടക്കിക്കുത്തി അയാള്‍ വെള്ളത്തിലൂടെ നടന്നു. കുഞ്ഞിപ്പരല്‍ മീനുകള്‍ കാലില്‍ ഉരുമ്മി ഇക്കിളി കൂട്ടിക്കൊണ്ടിരുന്നു. കുട്ടിക്കാലത്ത് തന്‍റെ ഉറ്റ ചങ്ങാതിയായിരുന്ന അനന്തു തന്നെ തോട്ടിലേക്കു തള്ളിയിട്ടതും ചെവിയില്‍ വെള്ളം കയറി ചെവിവേദനയെടുത്തതും അത് കാരണമായി പറഞ്ഞു ഒരാഴ്ചയോളം ക്ളാസ്സില്‍ കയറാതിരുന്നതുമെല്ലാം അയാളുടെ മനസ്സിലേക്കു കടന്നു വന്നു.
പാര്‍ട്ടിക്കു വേണ്ടി രക്തസാക്ഷിയായ കൃഷ്‌ണന്‍മേനോനെ പാര്‍ട്ടി സമ്മേളനങ്ങളിലും മറ്റും വാഴ്ത്തിപ്പാടുമ്പോഴും തനിക്കു നഷ്ടപ്പെട്ടത് തന്‍റെ എല്ലാമെല്ലാമായിരുന്ന അച്ഛനെയായിരുന്നു. മനസ്സിനേറ്റ ആഘാതത്തില്‍ നിന്നും കരകയറാന്‍ പിന്നിട് ഒരുപാട് സമയമെടുത്തു, അപ്പോഴേക്കും കുടുംബഭാരം മുഴുവന്‍ തന്‍റെ ചുമലിലായിരുന്നു. ഒരകന്ന ബന്ധുവിന്‍റെ സഹായത്തോടെ ബോംബെയില്‍ ഒരു ജോലി ശരിയാക്കി, കുടുംബം കരകയറ്റി. തന്‍റെ ശമ്പളത്തില്‍ നിന്നു മിച്ചം പിടിച്ചതും, പുരയിടത്തിന്‍റെ ഒരു ഭാഗം വിറ്റു കിട്ടിയതുമെല്ലാം ചേര്‍ത്ത് ഒരു ഗള്‍ഫുകാരനുമായി ചേച്ചിയുടെ കല്യാണം നടത്തിക്കൊടുത്തു. അപ്പോഴേക്കും യവ്വനം പിന്നിട്ടിരുന്നു. ചേച്ചിയുടെ കല്യാണം കൂടി കഴിഞ്ഞതോടെ അമ്മ വീട്ടില്‍ ഒറ്റയ്ക്കായി, വര്‍ഷത്തില്‍ രണ്ടു തവണ നാട്ടില്‍ വന്നിരുന്നത് രണ്ടു വര്‍ഷത്തില്‍ ഒരു തവണയായി ചുരുങ്ങി. പിന്നെ നീണ്ട പതിനഞ്ചു വര്‍ഷങ്ങള്‍, ആഴ്ചയില്‍ ഒരിക്കല്‍ അയച്ചിരുന്ന കത്തുകളിലൂടെയായിരുന്നു താന്‍ അമ്മയോട് സംസാരിച്ചിരുന്നത്. അവിടുത്തെ ജോലി മതിയാക്കി നാട്ടില്‍ വന്ന് ഒരു കല്യാണമൊക്കെ കഴിച്ച് അമ്മയുടെ കൂടെ താമസിക്കാന്‍ അമ്മ എപ്പോഴും നിര്‍ബന്ധിച്ചിരുന്നു. എന്നാല്‍ , സമയമായിട്ടില്ല കുറച്ചു കൂടെ സമ്പാദിച്ചതിനു ശേഷം മതി കല്യാണമൊക്കെ എന്ന തന്‍റെ തെറ്റായ തീരുമാനത്തിനു ഇന്നു താന്‍ ഒരുപാട് വില കൊടുക്കേണ്ടിവന്നിരിക്കുന്നു. മരണ സമയതെങ്കിലും താന്‍ കൂടെ വേണമെന്ന് ആ അമ്മ ഒരുപാട് ആഗ്രഹിച്ചിട്ടുണ്ടാകും, അയാളോര്‍ത്തു. ചാരുകസേരയില്‍ നിന്നെഴുന്നേറ്റ്, മഴയില്‍ അയാള്‍ നടന്നു തെക്കേ മാവിന്‍ ചുവട്ടില്‍ അമ്മയെ ദഹിപ്പിചിടത്തേക്ക്. പശ്ച്ചാത്താപത്താല്‍ അയാളുടെ മനസ്സ് ഉരുകുകയായിരുന്നു. ചിത ഒരുക്കിയയിടത്തു നിന്ന് ഒരു പിടി ചാരം കൈയ്യിലെടുത്തു നെഞ്ചോടുചേര്‍ത്ത് അയാള്‍ വിതുമ്പി. പക്ഷേ , കോരിച്ചോരിയുന്ന മഴ അയാളുടെ കണ്ണീരിനെ വിലയില്ലാത്ത ഒന്നാക്കി മാറ്റിയിരുന്നു.


