Wednesday, October 17, 2012

ഹൊഗെനക്കല്‍

     ന്ത്യയുടെ നയാഗ്ര, അങ്ങനെ ഒരു ഇരട്ടപ്പേരുണ്ട്  കാവേരി നദിയിലെ ഈ മനോഹരമായ വെള്ളച്ചാട്ടത്തിന്. കുടകിലെ ബ്രഹ്മഗിരി മലയിലുള്ള തലക്കാവേരി എന്ന പ്രദേശത്തു നിന്നും ഉത്ഭവിക്കുന്ന കാവേരി നദി കര്‍ണാടകയുടെ ദക്ഷിണ ജില്ലകളിലൂടെ ഒഴുകി തമിഴ് നാട്ടിലേക്ക് പ്രവേശിക്കുന്നതിനു സമീപമായാണ്  ഉത്തര തമിഴ്  നാടിന്റെ പ്രധാന ടൂറിസം ആകര്‍ഷണമായ ഹൊഗെനക്കല്‍ വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്നത് . ബംഗ്ളുരു നഗരത്തില്‍ നിന്നും ഉദ്ദേശം 180 KM തെക്കുമാറി തമിഴ് നാട്ടിലെ ധര്‍മ്മപുരി ജില്ലയിലുള്ള ഈ പ്രദേശം ദക്ഷിണേഷ്യയിലെ തന്നെ ഏറ്റവും പുരാതനമായ കാര്‍ബോണടൈറ്റ് ശിലകളാല്‍ സമ്പന്നമാണ്. 
     ഹൊഗെനക്കലെ മറ്റൊരു ആകര്‍ഷണീയത തമിഴന്മാര്‍ പരിശല്‍ എന്നു വിളിക്കുന്ന മുള കൊണ്ടുണ്ടാക്കുന്ന പരന്ന കുട്ടയുടെ ആകൃതിയിലുള്ള വള്ളങ്ങളാണ്. ആ കുട്ടവള്ളത്തില്‍ വെള്ളച്ചാട്ടത്തിനു താഴെ നദിയുടെ കുത്തൊഴുക്കിലൂടെയുള്ള യാത്ര വേറിട്ടോരനുഭാവമാണ്. ഹൊഗെനക്കല്‍ എത്തുന്ന വിനോദയാത്രികരെയും കൊണ്ട് നദിയിലൂടെ ഒരു യാത്ര ഉപജീവന മാര്‍ഗമാക്കിയ ഒരുപാട് ആള്‍ക്കാര്‍ അവിടെയുണ്ട്. മീന്‍പിടിത്തമാണ് ഇവിടത്തുകാരുടെ പ്രധാന വരുമാന മാര്‍ഗം. മുളകു തേച്ചു വറുത്തെടുത്ത പുഴമീന്‍ വഴിനീളെ വില്‍പ്പനയ്ക്ക് വെച്ചിരിക്കുന്നതു കാണാം.
     ഹൊഗെനക്കല്‍ എന്ന പേരിന്‍റെ ഉത്ഭവം രണ്ട് കന്നട വാക്കുകളില്‍ നിന്നാണ്. മൂടല്‍മഞ്ഞ്  എന്നര്‍ത്ഥമുള്ള "ഹൊഗ്", കല്ല്‌ എന്നര്‍ത്ഥമുള്ള "കല്‍ ". വെള്ളച്ചാട്ടം പാറമേല്‍ പതിക്കുമ്പോള്‍ അന്തരീക്ഷതിലെക്കുയരുന്ന  ഈര്‍പ്പം മൂടല്‍മഞ്ഞുപോലെ തോന്നിക്കുന്നതിനാലാവാം ആ പേരു വന്നത്.
     ഏകദേശം 66 അടിയാണ് ഹൊഗെനക്കല്‍ പ്രധാന വെള്ളച്ചാട്ടത്തിന്‍റെ ഉയരം. ഉയരത്തിന്‍റെ കാര്യത്തില്‍ പിന്നിലാണെങ്കിലും വെള്ളച്ചാട്ടത്തിലൂടെ താഴേക്കു പതിക്കുന്ന ജലസമ്പത്തിന്‍റെ കാര്യത്തില്‍ ഹൊഗെനക്കല്‍ മുന്നിലാണ്. കാവേരി നദി ഒഴുക്കിക്കൊണ്ടുവരുന്ന എക്കല്‍ നദി തുടര്‍ന്നൊഴുകുന്ന പ്രദേശങ്ങളെ  ഫലഭുവിഷ്ടമാക്കുന്നു.
 



Tuesday, October 16, 2012

നൊസ്റ്റാള്‍ജിയ

     
     മഴ തോര്‍ന്നിരുന്നു, പീടിക വരാന്തയില്‍ നിന്നും ഉണ്ണി ഇറങ്ങി നടന്നു. തന്‍റെ ഗ്രാമമാകെ മാറിയിരിക്കുന്നു, ആദ്യവിദ്യാലയത്തിന്‍റെ മുന്നിലൂടെയുള്ള ടാറിട്ട റോഡിലൂടെ നടക്കുമ്പോള്‍ , പണ്ട് താന്‍ തന്‍റെ പഴഞ്ചന്‍ ഹീറോ സൈക്കിളുമായി കറങ്ങി നടന്നിരുന്ന ആ പഴയ പൂഴി റോഡ്‌ അയാളുടെ മനസ്സിലേക്ക്  കടന്നു വന്നു. അന്നുണ്ടായിരുന്ന ഓടിട്ട, മഴക്കാലത്തു ചോര്‍ന്നൊലിച്ചിരുന്ന പഴയ ക്ളാസ്സ്  മുറികളുടെ സ്ഥാനത്ത്  ഇന്ന് പുത്തന്‍ കോണ്‍ക്രീറ്റ് കെട്ടിടമാണ്. കവലയിലും പള്ളിക്കൂടത്തിനു മുന്നിലും ഉണ്ടായിരുന്ന ഓലമേഞ്ഞ ചെറിയ പെട്ടിക്കടകള്‍ പലതും ഓടിട്ട കെട്ടിടങ്ങളായി മാറിയിരിക്കുന്നു. തന്‍റെ ഗ്രാമത്തിനു വന്ന മാറ്റങ്ങള്‍ കണ്ട്  അയാളുടെ മനസ്സ്  ആകെ അസ്വസ്ഥമായി. എന്നാല്‍ അയാളുടെ ജീവിതത്തിലെ കഴിഞ്ഞ ഇരുപതു വര്‍ഷങ്ങള്‍ നീണ്ട നഗര ജീവിതം അയാള്‍ക്കു സമ്മാനിച്ച ദുരിതങ്ങള്‍ക്കു മുന്നില്‍ ആ അസ്വസ്ഥത ഒന്നുമായിരുന്നില്ല.
     ആറ്റിറമ്പിലെ  ചിരപുരാതനമായ അമ്മന്‍ കോവിലിനു മുന്നിലെത്തിയപ്പോള്‍ അയാള്‍ ഒന്നു നിന്നു. പണ്ട് കോവിലിലെ തൈപ്പൂയത്തിനും കാവടിയാട്ടത്തിനുമൊക്കെ വരുമ്പോളും, ടൌണില് സിനിമ കാണാന്‍ പോകുമ്പോഴുമെല്ലാം അച്ഛന്‍ തനിക്ക്  ചായയും പരിപ്പുവടയും വാങ്ങിത്തന്നിരുന്ന രാമുണ്ണിയേട്ടന്‍റെ ഓടുമേഞ്ഞ ചായക്കട അവിടെയായിരുന്നു. അക്കാലത്ത് ഗ്രാമത്തിലെ തന്നെ ഓടിട്ട ഏക ചായക്കടയും അതായിരുന്നു. രാമുണ്ണിയേട്ടന്‍റെ ചായക്കടയും, കടവിലെ വള്ളങ്ങളും മാറ്റങ്ങള്‍ ഒന്നുമില്ലാതെയിരിക്കുന്നതു കണ്ട്  അയാളുടെ മനസ്സ് തെല്ലൊന്നു സന്തോഷിച്ചു.അയാള്‍ കടയ്ക്ക് ള്ളിലേക്കു കയറി. അവിടെയുണ്ടായിരുന്നവര്‍ ഒരപരിചിതനെ കണ്ട ഭാവത്തോടെ അയാളെ നോക്കിയത് ശ്രദ്ധിക്കാതെ അയാള്‍ അവിടെ ഇട്ടിരുന്ന തടി ബഞ്ചില്‍ ഇരുന്നു.
"കഴിക്കാന്‍ എന്താ  വേണ്ടത്, പുട്ട് , ഇഡലി, ദോശ.."
രാമുണ്ണിയേട്ടന്‍റെ മകനാണ്, രാമുണ്ണിയേട്ടന്‍റെ മരണശേഷം ചായക്കട നോക്കിനടത്തുകയാണ് അയാള്‍ .
"ഒരു ചായ മാത്രം മതി, പഞ്ചസാര ഇടണ്ടാട്ടോ.."
മടിയിലിരുന്ന ബാഗ്  ബെഞ്ചില്‍ വെച്ചുകൊണ്ട്  അയാള്‍ പറഞ്ഞു.
"ആരാ, ഇതിനു മുന്‍പ്‌  ഇവിടെയെങ്ങും കണ്ടിട്ടില്ലാലോ.."
എതിര്‍വശത്ത്  ഭിത്തിയില്‍ ചാരിയിട്ടിരുന്ന ബെഞ്ചില്‍ ഇരുന്ന കിഴവന്‍ ഉണ്ണിയോട്  ചോദിച്ചു.
"കൊറച്ച്  വടക്കുന്നാ..ഇവിടെ ഒരാവശ്യത്തിനു വന്നതാ."
ചൂടു ചായ ഊതിക്കുടിക്കുന്നതിനിടയില്‍ കിഴവന്‍റെ മുഖത്തു നോക്കാതെ തന്നെ അയാള്‍ ഉത്തരം പറഞ്ഞു.
"അയ്യോ, ഇതിനു മുന്‍പ്  ഇവിടെങ്ങും കാണ്ടിട്ടില്ലാത്തതു കൊണ്ട്  വെറുതെ ചോദിച്ചെന്നെ ഉള്ളു."
ഉണ്ണി ഗൌരവത്തിലായതിനാലാവണം കിഴവന്‍ പിന്നീട്  ഒന്നും ചോദിച്ചില്ല. പണ്ടുകാലം മുതല്‍ക്കേ വാര്‍ത്തകള്‍ പ്രചരിക്കുന്നതില്‍ നാട്ടിന്‍പുറങ്ങളിലെ ചായക്കടകള്‍ക്കുണ്ടായിരുന്ന പങ്ക്  വളരെ വലുതായിരുന്നു. തന്‍റെ തിരിച്ചുവരവ്  ഒരു വാര്‍ത്തയാവാതിരിക്കാനായിരിക്കണം താനാരാണെന്നുള്ള സത്യം ഉണ്ണി കിഴവനില്‍ നിന്നും മറച്ചു വെച്ചത്.
     ചായയുടെ പണം കൊടുത്ത്  അയാള്‍ ഇറങ്ങി നടന്നു. തന്‍റെ വീടിനെക്കുറിച്ചായിരുന്നു പിന്നീട്  അയാളുടെ ചിന്തകള്‍ മുഴുവന്‍ . കാടുപിടിച്ചു ഇടിഞ്ഞു പൊളിഞ്ഞിട്ടുണ്ടാകുമോ തന്‍റെ വീട്? വീടിന്‍റെ ഒരേകദേശ ചിത്രം അയാളുടെ മനസ്സിലേക്ക് കടന്നുവന്നു. മരണം വരെ തന്‍റെ അമ്മ എങ്ങനെയാണു ആ വീട്ടില്‍ ഒറ്റയ്ക്ക്  താമസിച്ചിട്ടുണ്ടാകുക എന്നതിനെപ്പറ്റി അങ്ങനെ അയാള്‍ ആദ്യമായി ചിന്തിച്ചു. ആറിന്‍റെ കടവില്‍ നിന്ന് കൊവിലിന്‍റെ വടക്കുഭാഗത്തുകൂടിയുള്ള ഊടുവഴിയിലൂടെ തന്‍റെ വീടിനെ ലക്ഷ്യമാക്കി അയാള്‍ നടന്നു. വഴിയിലെ പൊട്ടക്കിണറിനടുത്തുള്ള മൂവാണ്ടന്‍ മാവിന്‍റെ ചുവട്ടിലെത്തിയപ്പോള്‍ ഒരു വലിയ കാറ്റുവീശി. മരച്ചില്ലകള്‍ ആടിയുലഞ്ഞ് മഴത്തുള്ളികള്‍ ദേഹത്തു വീണപ്പോള്‍ വല്ലാത്തൊരു കുളിര് അയാള്‍ക്കനുഭവപ്പെട്ടു. അയാള്‍ മുകളിലേക്കു നോക്കി, പടര്‍ന്നു പന്തലിച്ചു നില്‍ക്കുകയാണു മാവ്. കുട്ടിക്കാലത്ത്  കൂട്ടുകാരുമൊത്ത് ആ മൂവാണ്ടന്‍ മാവിന്‍റെ ചുവട്ടില്‍ കള്ളനും പോലീസും കളിച്ചത്  അയാള്‍ ഓര്‍ത്തു. എന്ത് രസമായിരുന്നു തന്‍റെ കുട്ടിക്കാലം.., അയാള്‍ അറിയാതെ തന്നെ അയാളുടെ മുഖത്ത് ഒരു പുഞ്ചിരി പ്രത്യക്ഷപ്പെട്ടു. അടുത്ത മഴക്കുള്ള കാറ്  മാനത്ത് ഇരുണ്ടു കൂടിയിരിക്കുന്നു. അയാള്‍ നടത്തത്തിനു വേഗം കൂട്ടി. പാടവരമ്പത്ത്  മുട്ടോളം വെള്ളമുണ്ട്. വരമ്പിന്‍റെ ഓരത്തെ വെള്ളം ഒഴുക്കിക്കളഞ്ഞിരുന്ന ചെറിയ തോട്  മണ്ണിട്ടുനികത്തി പുതിയ റോഡു പണിതിരിക്കുന്നു. മുണ്ട് മടക്കിക്കുത്തി അയാള്‍ വെള്ളത്തിലൂടെ നടന്നു. കുഞ്ഞിപ്പരല്‍ മീനുകള്‍ കാലില്‍ ഉരുമ്മി ഇക്കിളി കൂട്ടിക്കൊണ്ടിരുന്നു. കുട്ടിക്കാലത്ത്  തന്‍റെ ഉറ്റ ചങ്ങാതിയായിരുന്ന അനന്തു തന്നെ തോട്ടിലേക്കു തള്ളിയിട്ടതും ചെവിയില്‍ വെള്ളം കയറി ചെവിവേദനയെടുത്തതും അത് കാരണമായി പറഞ്ഞു  ഒരാഴ്ചയോളം ക്ളാസ്സില്‍ കയറാതിരുന്നതുമെല്ലാം അയാളുടെ മനസ്സിലേക്കു കടന്നു വന്നു.
     പാടവരമ്പില്‍ നിന്നും വീടിനു മുന്നിലൂടെ പോകുന്ന ആ ഇടവഴിയിലേക്കു നടക്കുമ്പോള്‍ അയാളുടെ മനസ്സ് ആകെ അസ്വസ്ഥമായിരുന്നു. ഇടവഴിയുടെ ഇരുവശത്തും പുതിയ വീടുകള്‍ പണിതിരിക്കുന്നു. ഒരു വീടിന്‍റെ പണി നടന്നുകൊണ്ടിരിക്കുന്നു. മരപ്പണിക്കാര്‍ കൊട്ടുവടി കൊണ്ട് ഉളിയിലടിക്കുന്ന ശബ്ദം കേട്ടപ്പോള്‍ അത് തന്‍റെ നെഞ്ചിടിപ്പിന്‍റെ താളത്തിലാണെന്ന് അയാള്‍ക്കു തോന്നി. വീടിന്‍റെ പടിപ്പുരയ്കല്‍ എത്തിയപ്പോള്‍ അയാളുടെ മനസ്സ് മ്ളാനമായി. നേരത്തേ  മനസ്സില്‍ ഓര്‍ത്തതു പോലെ തന്നെയായിരുന്നു വീടിന്‍റെ അവസ്ഥ. പത്തായപ്പുര ഇടിഞ്ഞു വീണ് മുറ്റമെല്ലാം കാടുകയറിയിരിക്കുന്നു. ഇടിഞ്ഞു വീണ പത്തായപ്പുരയുടെ ഇടയിലൂടെ നടന്നു അയാള്‍ വീടിന്‍റെ വരാന്തയിലേക്കു കയറി. അപ്പോളേക്കും മഴയുമെത്തിയിരുന്നു. നേരത്തേ പെയ്തതിനേക്കാളേറെ  ശക്തമായിരുന്നു ഇടിയോടു കൂടിയ ആ മഴ. അയാള്‍ തന്‍റെ ബാഗില്‍ നിന്നും ഒരു പഴയ താക്കോല്‍ക്കൂട്ടം തപ്പിയെടുത്ത് പഴകി ദ്രവിച്ച വാതില്‍ തുറന്നു. അമ്മയുടെ മരണ വിവരം അറിയിച്ചു കൊണ്ടുള്ള വൈകിക്കിട്ടിയ കത്തിനൊപ്പം കിട്ടിയതായിരുന്നു ആ താക്കോല്‍ക്കൂട്ടം. ബോംബെയിലെ തന്‍റെ വിലാസം തപ്പിപിടിച്ച് ഏതോ ഒരു അയല്‍ക്കാരന്‍ അയച്ചതായിരുന്നു ആ കത്ത്. അയാള്‍ വേദനയോടെ ഓര്‍ത്തു. 
     വാതില്‍ തുറന്നപ്പോളുള്ള കര കരാ ശബ്ദം കേട്ട്  വീടിന്റെ മോന്തായത്തില്‍ കൂടുകൂട്ടിയിരുന്ന പ്രാവുകള്‍ കരയുവാനും ചിറകിട്ടടിക്കുവാനും തുടങ്ങി. അകത്തെ മുറികളെല്ലാം മാറാലകള്‍ പിടിച്ചു അഴുക്കും പൊടിയുമായി കിടക്കുകയായിരുന്നു. പുസ്തകങ്ങള്‍ വെച്ചിരുന്ന മുറിയില്‍ നിന്ന്  അച്ഛന്‍റെ പഴയ ചാരുകസേര പൊടിതട്ടിയെടുത്ത്  വരാന്തയില്‍ കൊണ്ടിട്ടു. പുസ്തകങ്ങള്‍ ഒട്ടുമുക്കാലും ചിതലുകളുടെ ഭക്ഷണമായിക്കഴിഞ്ഞിരുന്നു. ഈട്ടിയില്‍ കടഞ്ഞെടുത്ത ചാരുകസേരയ്ക്ക് കാലമേറെയായിട്ടും ഒരു കുഴപ്പവും ഉണ്ടായിട്ടുണ്ടായിരുന്നില്ല. തന്‍റെ കഴിഞ്ഞ കാലത്തെക്കുറിച്ച്  ആലോചിച്ചുകൊണ്ടയാള്‍ ചാരുകസേരമേല്‍ ഇരുന്നു. യാത്രാക്ഷീണം കൊണ്ടയാള്‍ മയങ്ങിപ്പോയി. മയക്കത്തിലെപ്പോഴോ തന്‍റെ ബാല്യകാലത്തെക്കുറിച്ചുള്ള ഒരു സ്വപ്നം അയാളുടെ മനസ്സിലേക്ക്  കടന്നുവന്നു. വര്‍ഷങ്ങള്‍ ഒരുപാടു കടന്നുപോയപ്പോളും മനസ്സിലെവിടെയോ മായാതെ സൂക്ഷിച്ചിരുന്ന ഒരുപിടി നല്ല ഓര്‍മ്മകളില്‍ ഏതോ ഒന്ന്‍. എത്ര നേരം ഉറങ്ങിയെന്നറിയില്ല, ഒരിടിവെട്ടുന്ന ശബ്ദം കേട്ടാണ് അയാള്‍ ഞെട്ടിയുണര്‍ന്നത്. മഴ നിര്‍ത്താതെ പെയ്യുകയാണ്, ആരോടോ വാശി തീര്‍ക്കുന്നതുപോലെ. സ്വപ്നത്തിന്‍റെ തുടര്‍ച്ചയെന്നോണം അയാള്‍ പഴയ കാര്യങ്ങള്‍ ഓരോന്നായി ഓര്‍ത്തു. തന്‍റെ കഴിഞ്ഞ ജീവിതത്തിലേക്ക് ഒരു തിരിഞ്ഞുനോട്ടം പോലെ.
     പാര്‍ട്ടിക്കു വേണ്ടി രക്തസാക്ഷിയായ കൃഷ്‌ണന്‍മേനോനെ പാര്‍ട്ടി സമ്മേളനങ്ങളിലും മറ്റും വാഴ്ത്തിപ്പാടുമ്പോഴും തനിക്കു നഷ്ടപ്പെട്ടത്  തന്‍റെ എല്ലാമെല്ലാമായിരുന്ന അച്ഛനെയായിരുന്നു. മനസ്സിനേറ്റ ആഘാതത്തില്‍ നിന്നും കരകയറാന്‍ പിന്നിട് ഒരുപാട് സമയമെടുത്തു, അപ്പോഴേക്കും കുടുംബഭാരം മുഴുവന്‍ തന്‍റെ ചുമലിലായിരുന്നു. ഒരകന്ന ബന്ധുവിന്‍റെ സഹായത്തോടെ  ബോംബെയില്‍ ഒരു ജോലി ശരിയാക്കി, കുടുംബം കരകയറ്റി. തന്‍റെ ശമ്പളത്തില്‍ നിന്നു മിച്ചം പിടിച്ചതും, പുരയിടത്തിന്‍റെ ഒരു ഭാഗം വിറ്റു കിട്ടിയതുമെല്ലാം ചേര്‍ത്ത്  ഒരു ഗള്‍ഫുകാരനുമായി ചേച്ചിയുടെ കല്യാണം നടത്തിക്കൊടുത്തു. അപ്പോഴേക്കും യവ്വനം പിന്നിട്ടിരുന്നു. ചേച്ചിയുടെ കല്യാണം കൂടി കഴിഞ്ഞതോടെ അമ്മ വീട്ടില്‍ ഒറ്റയ്ക്കായി, വര്‍ഷത്തില്‍ രണ്ടു തവണ നാട്ടില്‍ വന്നിരുന്നത് രണ്ടു വര്‍ഷത്തില്‍ ഒരു തവണയായി ചുരുങ്ങി. പിന്നെ നീണ്ട പതിനഞ്ചു വര്‍ഷങ്ങള്‍, ആഴ്ചയില്‍ ഒരിക്കല്‍ അയച്ചിരുന്ന കത്തുകളിലൂടെയായിരുന്നു താന്‍ അമ്മയോട് സംസാരിച്ചിരുന്നത്. അവിടുത്തെ ജോലി മതിയാക്കി നാട്ടില്‍ വന്ന് ഒരു കല്യാണമൊക്കെ കഴിച്ച് അമ്മയുടെ കൂടെ താമസിക്കാന്‍ അമ്മ എപ്പോഴും നിര്‍ബന്ധിച്ചിരുന്നു.  എന്നാല്‍ , സമയമായിട്ടില്ല കുറച്ചു കൂടെ സമ്പാദിച്ചതിനു ശേഷം മതി കല്യാണമൊക്കെ എന്ന തന്‍റെ തെറ്റായ തീരുമാനത്തിനു ഇന്നു താന്‍ ഒരുപാട് വില കൊടുക്കേണ്ടിവന്നിരിക്കുന്നു. മരണ സമയതെങ്കിലും താന്‍ കൂടെ വേണമെന്ന് ആ അമ്മ ഒരുപാട് ആഗ്രഹിച്ചിട്ടുണ്ടാകും, അയാളോര്‍ത്തു. ചാരുകസേരയില്‍ നിന്നെഴുന്നേറ്റ്, മഴയില്‍ അയാള്‍ നടന്നു തെക്കേ മാവിന്‍ ചുവട്ടില്‍ അമ്മയെ ദഹിപ്പിചിടത്തേക്ക്. പശ്ച്ചാത്താപത്താല്‍ അയാളുടെ മനസ്സ് ഉരുകുകയായിരുന്നു. ചിത ഒരുക്കിയയിടത്തു നിന്ന് ഒരു പിടി ചാരം കൈയ്യിലെടുത്തു നെഞ്ചോടുചേര്‍ത്ത് അയാള്‍ വിതുമ്പി. പക്ഷേ  , കോരിച്ചോരിയുന്ന മഴ അയാളുടെ കണ്ണീരിനെ വിലയില്ലാത്ത ഒന്നാക്കി മാറ്റിയിരുന്നു.